This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരളവര്‍മ, പന്തളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരളവര്‍മ, പന്തളം

പന്തളം കേരളവര്‍മ

മലയാളത്തിലെ നിയോക്ലാസ്സിക് പ്രസ്ഥാനത്തിലെ ഒരു പ്രമുഖ സാഹിത്യകാരന്‍. കൊ.വ. 1054 മകരമാസം 10-ന് (ക്രി.വ. 1879) പുത്തന്‍കോയിക്കല്‍ കേരളവര്‍മ ജനിച്ചു. അശ്വതിതിരുനാള്‍ തന്വംഗിത്തമ്പുരാട്ടിയായിരുന്നു അമ്മ, അച്ഛന്‍ തൃക്കോതമംഗലത്തു പെരിഞ്ഞേലി ഇല്ലത്തു വിഷ്ണു നമ്പൂതിരിയും. പ്രാഥമിക വിദ്യാഭ്യാസം പന്തളം അച്യുതവാര്യരുടെ കീഴില്‍ നടന്നു. അന്നത്തെ പതിവനുസരിച്ച് അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം മുതലായവ ഹൃദിസ്ഥമാക്കി. ജ്യേഷ്ഠനായ രാമവര്‍മത്തമ്പുരാന്‍ കാവ്യനാടകാദികളും വീരകേരളത്തമ്പുരാന്‍ വ്യാകരണവും കേരളവര്‍മയെ പഠിപ്പിച്ചു. ഇരുപതാം വയസ്സില്‍ മിക്ക വിഷയങ്ങളിലും നല്ല വ്യുത്പത്തി നേടി. മുപ്പതാമത്തെ വയസ്സില്‍ ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ സഹോദരിയെ വിവാഹം കഴിച്ചു (1909). മുപ്പത്തഞ്ചാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഇംഗ്ലീഷ് ഹൈസ്കൂളില്‍ ഭാഷാപണ്ഡിതനായി നിയമിക്കപ്പെട്ടു. 1094 (7-6-1919) ഇടവം 24-ന് മരിക്കുന്നതുവരെ ആ ഉദ്യോഗത്തില്‍ തുടര്‍ന്നു.

നാല്പതുകൊല്ലക്കാലം മാത്രം ജീവിച്ച ഈ കവിയുടെ സാഹിത്യസംഭാവന പെരുപ്പം കൊണ്ട് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേതിനോടടുക്കും. സംസ്കൃത ഭാഷയുടെയും അതിലെ സാഹിത്യത്തിന്റെയും പാരമ്പര്യമുള്ള പന്തളം രാജകുടുംബത്തിലെ അംഗമായ ഈ കവിയുടെ ആദ്യകാല രചനകള്‍ സംസ്കൃതത്തിലായിരുന്നു. ധര്‍മശാസ്താവിനെപ്പറ്റി ഒരു അഷ്ടകം, ശ്രീകൃഷ്ണസ്ത്രോത്രം, ശബരിമലശാസ്താവിനെപ്പറ്റി ഒരു കേശാദിപാദശതകം, രാസവിലാസം ഭാണം എന്നിവയാണ് അന്നത്തെ കൃതികള്‍. എന്നാല്‍ കവനകൗമുദിയുടെ ആരംഭത്തോടെ മലയാളത്തില്‍ കൂടുതല്‍ കവിതകള്‍ എഴുതുവാന്‍ തുടങ്ങി. അറിയിപ്പും പരസ്യവും പത്രാധിപക്കുറിപ്പും പ്രാദേശിക വാര്‍ത്തകളും അടക്കം എല്ലാം പദ്യത്തിലായിരുന്ന കവനകൗമുദി പത്രികയില്‍ പേരുവച്ചും വയ്ക്കാതെയും പന്തളം വളരെയേറെ എഴുതിയിട്ടുണ്ട്. ആദ്യന്തം പദ്യമയമായിരുന്ന കവനകൗമുദിയുടെ പ്രോദ്ഘാടകപത്രാധിപരായി കേരളവര്‍മ എന്നും സ്മരിക്കപ്പെടും. 1904-ല്‍ ആരംഭിച്ചതു മുതല്‍ മരണം വരെയും കേരളവര്‍മയായിരുന്നു കവനകൗമുദിയുടെ പത്രാധിപര്‍. ഇദ്ദേഹത്തിന്റെ മരണശേഷവും പന്ത്രണ്ടു വര്‍ഷംകൂടി ഈ പദ്യമാസിക നടന്നു. 1912-ല്‍ രുക്മാംഗദചരിതവും 1915-ല്‍ വിജയോദയവും പ്രസിദ്ധീകൃതമായി. രണ്ടും സംസ്കൃതമട്ടിലുള്ള മഹാകാവ്യങ്ങളാണ്. ശുംഭനിശുംഭവധംമണിപ്രവാളം, ഭുജംഗസന്ദേശം, വഞ്ചീശശതകം, ഭാഗീരഥീവഞ്ചിപ്പാട്ട്, മാര്‍ത്താണ്ഡോദയം, സൂക്തിമാല, കഥാകൗമുദി, വേണീസംഹാര നാടകവിവര്‍ത്തനം, ശ്രീമൂലരാജവിജയം ഓട്ടന്‍ തുള്ളല്‍, ശബരീമലയാത്ര, ശ്രീമൂലപ്രകാശിക അലങ്കാരശാസ്ത്രം, ദൂതവാക്യവ്യായോഗവിവര്‍ത്തനം എന്നിവയാണ് പൂര്‍ണമാക്കിയ മറ്റു കൃതികള്‍. ഇവ കൂടാതെ അനേകം അപൂര്‍ണകൃതികളും മലയാളത്തില്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഒരു കാലഘട്ടത്തിന്റെ കാവ്യസംസ്കാരം സമ്പുഷ്ടമാക്കി എന്ന നിലയിലാണ് കേരളവര്‍മയുടെ സംഭാവന വിലയിരുത്തേണ്ടത്. ആംഗലവിദ്യാഭ്യാസവും ആംഗലസാഹിത്യവും മലയാളസാഹിത്യത്തെ സ്വാധീനിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് അതു തികച്ചും സംസ്കൃതപ്രഭാവത്തിനടിപ്പെട്ടിരുന്നു. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും കൂട്ടുകവിതകളും ആ കാലഘട്ടത്തിന്റെ ഉത്പന്നങ്ങളാണ്. സംസ്കൃതകാവ്യശാസ്ത്രതത്ത്വപ്രതിപാദകങ്ങളായ കാരികകള്‍ പ്രമാണമായി ഉദ്ധരിച്ചുകൊണ്ടാണ് അന്നത്തെ നിരൂപകര്‍ ഗ്രന്ഥസമീക്ഷ നടത്തിയത്. ഈ കാലഘട്ടത്തിന്റെ മിഴിവുറ്റ പ്രതിനിധിയാണ് പന്തളം കേരളവര്‍മ. 'പദം കൊണ്ടു പന്താടുന്ന' ഇദ്ദേഹത്തിനു ശബ്ദാര്‍ഥങ്ങളില്‍ മാത്രമല്ല രസത്തിലും നോട്ടമുണ്ടായിരുന്നു. 'സന്ദര്‍ഭാനുസാരങ്ങളായ രസങ്ങളെ സ്ഫുരിപ്പിക്കുക', അതതു രസങ്ങള്‍ക്കനുസരണമായ പദങ്ങളെ തിരഞ്ഞുവയ്ക്കുക തുടങ്ങിയുള്ള പ്രശസ്ത കവന സാമര്‍ഥ്യം കാണിക്കുന്നതിനു സര്‍വതോമുഖമായ പ്രതിഭാവിലാസം സിദ്ധിച്ചവര്‍ക്കേ സാധിക്കുകയുള്ളൂ എന്നു കവിതന്നെ വിജയോദയത്തിന്റെ മുഖവുരയില്‍ നിരീക്ഷിച്ചിരിക്കുന്നു. അന്യാദൃശമായ സംസ്കൃത പാണ്ഡിത്യം, വീരരൗദ്രരസങ്ങള്‍ ആവിഷ്കരിക്കുന്നതിനുള്ള അസാമാന്യമായ പാടവം, നിരങ്കുശമായ ദ്രുതകവനവൈഭവം, അത്യുത്കടമായ ഭാഷപോഷണ വ്യഗ്രത എന്നിവയില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനു തുല്യനായിരുന്നു പന്തളം എന്നാണ് ഉള്ളൂര്‍ അഭിപ്രായപ്പെടുന്നത്.

തമ്പുരാന്‍ നിയോക്ലാസ്സിക് (നവക്ലാസ്സിക്) പ്രസ്ഥാനത്തില്‍പ്പെടുന്നു എന്നത് സര്‍വവിദിതമാണ്. മുന്‍ ധാരണകളുടെ പ്രാബല്യം, ആധികാരികതയുടെ അലംഘനീയത, പാണ്ഡിത്യത്തിന്റെ വൃഥാഭാരം, വീക്ഷണത്തിന്റെ സങ്കുചിതത്വം, സിദ്ധാന്തവൈവിധ്യത്തിന്റെയും മൗലികങ്ങളായ ഉപദര്‍ശനങ്ങളുടെയും അഭാവം എന്നിവ ഏതു ഭാഷയിലുമുള്ള നവക്ലാസ്സിസത്തിന്റെയും സഹധര്‍മങ്ങളാണെന്ന് എന്‍.വി. കൃഷ്ണവാര്യര്‍ പന്തളത്തിന്റെ കൃതികള്‍ മുന്‍നിര്‍ത്തി അഭിപ്രായപ്പെട്ടിരിക്കുന്നു. ഈ പറഞ്ഞ മിക്കതും കേരളവര്‍മയ്ക്കും ചേരും. പാണ്ഡിത്യം കൊണ്ടുപാസിച്ചാല്‍ കാവ്യദേവത കനിയാതിരിക്കില്ല എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഇദ്ദേഹം. ചിട്ടപ്പടി എഴുതുമ്പോള്‍ ചൈതന്യത്തിന്റെ കുറവ് അനുഭവപ്പെട്ടെന്നു വരാം. എന്നാല്‍ അത്തരം കവിതകള്‍ക്കും അവയുടേതായ സ്ഥാനമുണ്ട് എന്നത് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ടല്ലോ.

(ഡോ. ടി. ഭാസ്കരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍